Friday, 8 August 2025

തറാവീഹ് നിസ്കാരം ഒരു പഠനം


തറാവീഹു നിസ്കാരം എട്ടു റക്അത്താണെന്ന ഇജ്മാഅ് വിരുദ്ധ-പിഴച്ച വാദം ഉന്നയിക്കുന്നവരുടെ തെളിവുകളും അവയ്ക്കുള്ള ആധികാരിക മറുപടികളും വിവരിക്കാം 

തെളിവ് ഒന്ന്: നബി(സ്വ) എട്ടു റക്അത്തും വിത്റും നിസ്കരിച്ചുവെന്ന് ജാബിറി(റ)ൽ നിന്നു ഇബ്നു ഖുസൈമ (റ)വും മറ്റു പലരും റിപ്പോർട്ടു ചെയ്ത ഹദീസിൽ വന്നിട്ടുണ്ട്. ഈ ഹദീസിന്റെ സനദിനെക്കുറിച്ച് ഹാഫിളുദ്ദഹബി മധ്യനിലവാരം പുലർത്തുന്നു എന്നു പറഞ്ഞിട്ടുണ്ട് (അൽ മനാർ റമളാൻ വിശേഷാൽ പതിപ്പ്, 1999).

മറുപടി: പ്രസ്തുത ഹദീസ് തെളിവിന് യോഗ്യമല്ല. കാരണം, ഈ ഹദീസിന്റെ എല്ലാ നിവേദന പരമ്പരയിലും ഈസബുനു ജാരിയ എന്ന ഒരാളുണ്ട്. ഇദ്ദേഹം ഹദീസ് നിരൂപകന്മാർക്കിടയിൽ യോഗ്യായോഗ്യത സംബന്ധിച്ചു തർക്കത്തിലിരിക്കുന്ന വ്യക്തിയാണെന്നു മജ്മഉസ്സവാഇദ്: 3/172, തഹ്ദീബുത്തഹ്ദീബ്: 8/207 എന്നിവയിൽ കാണാം. യോഗ്യായോഗ്യത സംബന്ധിച്ച് തർക്കത്തിലിരിക്കുന്ന വ്യക്തിയുടെ ഹദീസ് രേഖയ്ക്കു പറ്റില്ല (ജംഉൽ ജവാമിഉ: 2/164).

ഹാഫിളുദ്ദഹബി പ്രസ്തുത ഹദീസിന്റെ സനദിനെക്കുറിച്ച് അന്ധമായി ‘ഇസ്നാദുഹൂ വസ ത്വുൻ’ എന്ന് പറഞ്ഞത് ഒട്ടും ശരിയായില്ല. എന്തുകൊണ്ടെന്നാൽ ഹദീസ് നിരൂപണ രംഗത്ത് പക്ഷപാത നയം കൈക്കൊണ്ട വ്യക്തിയാണ് ദഹബി. നിഷ്പക്ഷത എന്ന പ്രധാന നിബന്ധന ഇല്ലാതെ പോയതാണ് ഇദ്ദേഹത്തിന്റെ സ്വീകാര്യത ചോദ്യം ചെയ്യപ്പെടാൻ കാരണം. തന്റെ പക്ഷപാതം കൊണ്ട് പ്രസിദ്ധി നേടിയ ഗ്രന്ഥമാണ് ‘മീസാനുൽ ഇഅതിദാൽ’ ദഹബി സുന്നി വിരോധിയും മുജസ്സിമത്തിനെ പുകഴ്ത്തുകയും ചെയ്ത ആളാണെന്നു തന്റെ ശിഷ്യൻ ഇമാം സുബ്കി(റ) ത്വബഖാത്തിൽ പറഞ്ഞിട്ടുണ്ട്.

ജാബിർ(റ)വിൽ നിന്നു നിവേദനം ചെയ്യപ്പെട്ട പ്രസ്തുത ഹദീസ് തറാവീഹിനെക്കുറിച്ച് ബുഖാരിയിലും മുസ്‌ലിമിലും വന്നതിന് എതിരായതിനാൽ ശാദ്ദാണ് - ഒറ്റപ്പെട്ടതാണ്. അതുകൊണ്ടും ഇത് തെളിവിന് പറ്റുന്നതായി പണ്ഡിതർ അംഗീകരിക്കുന്നില്ല.

ഇനി തെളിവിന് പറ്റുമെന്ന് സമ്മതിച്ചാൽ തന്നെ ഇരുപത് റക്അത്താണെന്നതിനാണ് തെളിവ്. കാരണം മൂന്നാം ദിവസത്തിലെ അവസാനത്തെ എട്ടിലും വിത്റിലും മാത്രമേ ജാബിർ(റ) പങ്കെടുത്തിട്ടുള്ളൂ എന്നാണ് മനസ്സിലാകുന്നത്. ജാബിറി(റ)ന്റെ ഹദീസിൽ, പിറ്റേന്ന് നബി(സ്വ) വന്നതുമില്ല എന്നാണല്ലോ ഉള്ളത്. അപ്പോൾ താൻ പങ്കെടുക്കുന്നത് ഉദ്ധരിച്ചതാണ്. ഇതാണ് മഹല്ലി(റ)യും ഖൽയൂബിയും വ്യക്തമാക്കിയത്. ഇവരെല്ലാം ഇരുപത് റക്അത്താണെന്നാണല്ലോ പറഞ്ഞത്.

തെളിവ് രണ്ട്:

ജാബിർ(റ)ൽ നിന്നു നിവേദനം. അദ്ദേഹം പറയുന്നു: ഉബയ്യുബ്നു കഅ്ബ്(റ) നബി(സ്വ)യുടെ അരികിൽ വന്നു പറഞ്ഞു: കഴിഞ്ഞ രാത്രി എന്നിൽ നിന്നൊരു സംഭവമുണ്ടായി. അതെന്താണ് ഉബയ്യേ... എന്നു നബി(സ്വ) ചോദിച്ചു. ഉബയ്യ്(റ) പറഞ്ഞു. എന്റെ വീട്ടിലെ സ്ത്രീകൾ പറഞ്ഞു. ഞങ്ങൾക്ക് ഖുർആൻ ഓതാനറിയില്ല. അതിനാൽ താങ്കൾ ഞങ്ങൾക്ക് ഇമാമായി നിസ്കരിക്കണം. അങ്ങനെ ഞാനവരുമായി എട്ട് റക്അത്തും വിത്റും നിസ്കരിച്ചു. നബി(സ്വ)ക്കും ഇത് ഇഷ്ടപ്പെട്ട ചര്യയായി (സ്വഹീഹു ഇബ്നു ഹിബ്ബാൻ).

മറുപടി:ഈ ഹദീസും തെളിവിനു പറ്റില്ല. ഇതിന്റെ സനദ് സ്വഹീഹല്ല. കാരണം മുഹമ്മദുബ്നു നസ്റി(റ)ന്റെ നിവേദക പരമ്പരയിൽ ‘ഈസ്ബ്നു ജാരിയ’ എന്ന വ്യക്തിയുണ്ട്. അദ്ദേഹത്തെക്കുറിച്ച് മുൻപ് വിശദീകരിച്ചതല്ലോ. അബ്ദുല്ലാഹിബ്നു അഹ്മദി(റ)ന്റെ നിവേദക പരമ്പരയിൽ പേരറിയാത്ത ഒരു വ്യക്തിയുണ്ട്. ഇക്കാര്യം മജ്മഉസ്സവാഇദിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. ‘മജ്ഹൂലി’ന്റെ ഹദീസ് സ്വീകാര്യമല്ലെന്നു പണ്ഡിതർ ഏകോപിച്ചിട്ടുണ്ട് (ജംഉൽ ജവാമിഉ: 2/150). സ്വീകാര്യമല്ലാത്ത ഹദീസിനെക്കുറിച്ച് പുത്തൻവാദിയായ അൽബാനിയൊ മറ്റോ ‘ഹസൻ’ (സ്വീകാര്യം) എന്നു പറഞ്ഞിട്ടു കാര്യമില്ല.

തെളിവ് മൂന്ന്:

ആഇശ(റ)യിൽ നിന്നു നിവേദനം: “റമളാനിലും അല്ലാത്തപ്പോഴും നബി(സ്വ) പതിനൊന്നിനേക്കാൾ വർദ്ധിപ്പിച്ചിട്ടില്ല” (ബുഖാരി).

മറുപടി: റമളാനിൽ മാത്രമുള്ള തറാവീഹ് നിസ്കാരത്തിന് ഈ ഹദീസ് തെളിവുദ്ധരിക്കുന്നത് തനി ജഹാലത്താണ്. കാരണം ഈ ഹദീസിന് തറാവീഹുമായിട്ട് ബന്ധമില്ല. ഹദീസിന്റെ വാചകത്തിൽ റമളാനിലും അല്ലാത്തപ്പോഴുമമെന്ന പരാമർശം തന്നെ ഇത് തറാവീഹിനെ കുറിച്ചല്ലെന്നു വ്യക്തമാകും. പക്ഷേ, ‘എല്ലാ കാലത്തുമുള്ള നിസ്കാരം തന്നെയാണ് തറാവീഹും വിത്റും തഹജ്ജുദും എല്ലാം ഒന്നു തന്നെയാണ്’ (അൽമനാർ റമളാൻ സ്പെഷ്യൽ, പേജ്: 50, 1984 ജൂൺ). എന്ന ബിദഈ വാദികൾക്ക് പ്രസ്തുത ഹദീസ് രേഖയായിക്കൂടെന്നില്ല! ഇവ്വിധം രേഖയാക്കൽ പൗരാണിക വഹാബികൾ തന്നെ അംഗീകരിക്കില്ല. മുസ്‌ലിം സമൂഹം ഈ തലതിരിഞ്ഞ വാദം ഏതായാലും സ്വീകരിക്കില്ല.

ആഇശ(റ)യുടെ ഹദീസ് വിത്റിനെക്കുറിച്ചാണ് (ഇർശാദുസ്സാരി: 3/426, തുഹ്ഫ: 2/225).

തെളിവ് നാല്:

ഉബയ്യുബ്നു കഅബ് (റ) വിനോടും തമീമിദ്ദാരി(റ) വിയോടും രണ്ടാളും ജനങ്ങൾക്ക് പതിനൊന്ന് റക്അത്ത് നിസ്കരിക്കുവാൻ ഉമർ(റ) കൽപിച്ചു (മുവത്വ).

മറുപടി:പ്രസിദ്ധമായ ഈ ഹദീസിൽ എട്ടു വാദികൾക്ക് തെളിവില്ല. ഹദീസിന്റെ അർത്ഥം ഗ്രഹിച്ചതിൽ അവർക്ക് പിഴവു സംഭവിച്ചിട്ടുണ്ട്. ഹദീസിന്റെ അർത്ഥം ഇപ്രകാരമാണ്. രണ്ടുപേരോടും പതിനൊന്ന് റക്അത്ത് നിസ്കരിക്കുവാൻ ഉമർ(റ) കൽപിച്ചു. അതായത് ഒരു രാത്രി ഉബയ്യുബ്നു കഅബ് (റ)പതിനൊന്ന് റക്അത്ത് നിസ്കരിക്കും. അന്ന് ബാക്കി തമീമുദ്ദാരി(റ) നിസ്കരിക്കും. പിറ്റേന്ന് തമീമുദ്ദാരി(റ) പതിനൊന്ന് റക്അത്ത് നിസ്കരിക്കും. ബാക്കി ഉബയ്യുബ്നു കഅബും(റ). പ്രതിഫലത്തിൽ സമമാവാനാണ് ഇങ്ങനെ ചെയ്യുന്നത് (നതീജത്തുൽ മൻഖുൽ: 88).

രണ്ടുപേരോടും പതിനൊന്ന് റക്അത്ത് നിസ്കരിക്കുവാൻ പറഞ്ഞു എന്ന ഹദീസ് മുഹമ്മദുബ്നു യൂസുഫ്(റ) വഴിയല്ലാത്ത എല്ലാ പരമ്പരയിലും ഇരുപത്തി ഒന്ന് റക്അത്ത് എന്നാണുള്ളത്. മുഹമ്മദുബ്നു യൂസുഫ്(റ) വഴി തന്നെ മൂന്നു നിവേദക പരമ്പരയിലും ഇരുപത്തി ഒന്ന് റക്അത്ത് എന്നാണുള്ളത്. രണ്ടുപേരും കൂടി നിസ്കരിക്കുന്ന ആകെ റക്അത്തുകളുടെ എണ്ണത്തിന്റെ മേൽ ഹദീസ് ചുമത്തിയാൽ രിവായത്തുകൾ സംയോജിപ്പിക്കാൻ എളുപ്പമാകും.

ചുരുക്കത്തിൽ, ‘ബിദഇ’കളുടെ പ്രധാനപ്പെട്ട നാലു തെളിവുകളും അവർക്ക് പ്രതികൂലമാണെന്നു സുതരാം വ്യക്തമായി. മുകളിൽ വിവരിച്ച നാലു ഹദീസുകളുടെ വെളിച്ചത്തിൽ ഒരൊറ്റ ഇമാമും തറാവീഹ് എട്ടു റക്അത്താണെന്നു വാദിച്ചിട്ടില്ലെന്ന വസ്തുതയെങ്കിലും പുത്തൻവാദികൾ ചിന്തിച്ചിട്ടുണ്ടെങ്കിൽ എട്ടു വാദവുമായി അവർ രംഗത്തു വരില്ലായിരുന്നു.

ഉമർ(റ) വിന്റെ കാലത്ത് ജനങ്ങൾ ഇരുപത് റക്അത്ത് തറാവീഹ് നിസ്കരിച്ചുവെന്ന ഇമാം ബൈഹഖി(റ) റിപ്പോർട്ടു ചെയ്ത ഹദീസ് സ്വഹീഹാണെന്നു ഇമാം നവവി(റ) പറഞ്ഞിട്ടുണ്ട് (ശർഹുൽ മുഹദ്ദബ്: 4/32).

തറാവീഹ് എട്ട് റക്അത്ത് എന്ന വാദം ഇജ്മാഅ് വിരുദ്ധ വാദമാണ്. പിഴച്ച വാദമാണ്. ബിദഇകളുടെ നാശത്തിൽ നിന്നു റബ്ബ് നമ്മെ കാക്കട്ടെ.


ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

No comments:

Post a Comment