Tuesday, 12 August 2025

സംയോഗം കൊണ്ട് റമളാൻ നോമ്പ് ഫസാദാക്കിയാൽ നോമ്പ് ഖളാ വീട്ടിയാൽ മാത്രം മതിയോ?

 

പോര. ഖളാഇൻ്റ പുറമെ കഫ്ഫാറത്ത് (പ്രായശ്ചിത്തം) നിർബന്ധമാണ്.

പ്രസ്തുത നോമ്പ് വേഗത്തിൽ ഖളാ വീട്ടണോ?

അതേ ,അതു നിർബന്ധമാണ് (ശവ്വാൽ രണ്ടിനു തന്നെ ഖളാ വീട്ടണം) (ഇആനത്ത്: 2/ 271)

എന്താണു കഫ്ഫാറത്ത്?

മുഅ്മിനായ അടിമയെ മോചിപ്പിക്കുക , അതിനു സാധ്യമല്ലെങ്കിൽ രണ്ടു മാസം തുടരെ നോമ്പനുഷ്ഠിക്കുക . അതിനും കഴിയില്ലെങ്കിൽ അറുപത് മിസ്കീൻമാർക്കോ ഫഖീറുമാർക്കോ ഓരോ മുദ്ദ് വീതം നാട്ടിലെ മുഖ്യ ഭക്ഷ്യവസ്തു നൽകുക. ഇതാണു കഫ്ഫാറത്ത്.( ഇആനത്ത്: 2/234)

സംയോഗം കൊണ്ട് നോമ്പ് ഫസാദാക്കിയ എല്ലാവർക്കും കഫ്ഫാറത്തു നിർബന്ധമുണ്ടോ?

ഇല്ല , പുരുഷൻമാർക്ക് മാത്രം. സത്രീകൾക്കില്ല.പുരുഷന്മാരിൽ നിന്നു തന്നെ ചില നിബന്ധനകൾ മേളിച്ചവർക്കു മാത്രമേ കഫ്ഫാറത്തുള്ളൂ. (ഇആനത്ത്: 2/ 270)

സംയോഗം കൊണ്ട് നോമ്പ് ബാത്വിലാക്കിയാൽ കഫ്ഫാറത്ത് നിർബന്ധമാണല്ലോ. നിബന്ധനകൾ മേളിച്ചാലണല്ലോ കഫ്ഫാറത്ത്. നിബന്ധന ഏതെല്ലാം?

ഒമ്പതു നിബന്ധനകളുണ്ട്.അവ മേളിച്ചാൽ മാത്രമേ കഫ്ഫാറത്ത് നിർബന്ധമാകുകയുള്ളൂ. അവ അക്കമിട്ടു വിവരിക്കാം

  1. സംയോഗം കൊണ്ട് നോമ്പിനെ ഫസാദാക്കൽ (നോമ്പുകാരനു സംയോഗം ഹറാമാണെന്നു അറിവുള്ളവൻ ഇഷ്ടാനുസരണം മനഃപൂർവ്വം സംയോഗം ചെയ്യുമ്പോഴാണ് നോമ്പ് നഷ്ടപ്പെടുക) നോമ്പാന്നെന്ന കാര്യം മറന്നവനോ നിർബന്ധത്തിനു വഴങ്ങിയവനോ ഇളവു നൽകപ്പെടുന്ന വിവരമില്ലാത്തവനോ സംയോഗം ചെയ്താൽ കഫ്ഫാറത്തില്ല
  2. റമളാൻ നോമ്പ് ആവൽ -റമളാൻ നോമ്പല്ലാത്തവ സംയോഗം കൊണ്ട് ഫസാദാക്കിയാൽ കഫ്ഫാറത്ത് ഇല്ല
  3. സംയോഗം കൊണ്ട് അവൻ്റെ നോമ്പ് ഫസാദാവൽ -നോമ്പില്ലാത്ത യാത്രക്കാരൻ സംയോഗം കൊണ്ട് ഭാര്യയുടെ നോമ്പ് ഫസാദാക്കിയാൽ കഫ്ഫാറത്തില്ല
  4. നോമ്പിൻ്റെ ഫസാദ് സംയോഗം കൊണ്ട് മാത്രമാവൽ -സംയോഗം കൊണ്ടും മറ്റുള്ളവ കൊണ്ടും ഒപ്പം(ഉദാ: വെള്ളം കുടിക്കൽ)നോമ്പ് ഫസാദാക്കിയാൽ കഫ്ഫാറത്തില്ല.
  5. പ്രസ്തുത ദിവസം മുഴുവനും നോമ്പ് പിടിക്കാൻ അർഹനാവൽ -സംയോഗ ശേഷം അന്നത്തെ പകലിൽ ഭ്രാന്ത് ,മരണം എന്നിവ അവനുണ്ടായാൽ കഫ്ഫാറത്തില്ല
  6. സംയോഗം കൊണ്ട് ഫസാദാക്കിയത് റമളാനിലെ അദാആയ നോമ്പ് ആവൽ -റമളാൻ നോമ്പ് ഖളാ വീട്ടുമ്പോൾ സംയോഗം കൊണ്ട് നോമ്പ് ഫസാദാക്കിയാൽ കഫ്ഫാറത്തില്ല
  7. സംയോഗം ചെയ്തവൻ അതു കൊണ്ട് കുറ്റക്കാരനാവൽ -യാത്രക്കാരൻ,രോഗി എന്നിവർ നോമ്പ് മുറിക്കാൻ പറ്റുമെന്ന നിയ്യത്തോടെ സംയോഗം ചെയ്തു നോമ്പ് നഷ്ടപ്പെടുത്തിയാൽ കഫ്ഫാറത്തില്ല.കാരണം ആ സംയോഗം കൊണ്ടവർ കുറ്റക്കാരായിട്ടില്ല
  8. സംയോഗത്തിൻ്റെ കുറ്റം നോമ്പിൻ്റെ കാരണത്തിനു വേണ്ടിയാവൽ -യാത്രക്കാരൻ നോമ്പുമുറിക്കാമെന്ന ഇളവ് കരുതാതെ സംയോഗം ചെയ്ത് നോമ്പ് നഷ്ടപ്പെടുത്തിയാൽ കഫ്ഫാറത്തില്ല.കാരണം ,അവൻ സംയോഗം കൊണ്ടല്ല കുറ്റക്കാരനായത് ,പ്രത്യുത , ഇളവു കരുതാത്തതു കൊണ്ടാണ്
  9. സംയോഗം നിഷിദ്ധമാണെന്നു ഉറപ്പുണ്ടാവണം. -രാത്രിയാണെന്ന ധാരണയിൽ സംയോഗം ചെയ്തു.അതു പകലിലാണു സംഭവിച്ചതെന്നു പിന്നീട് ബോധ്യപ്പെട്ടാൽ കഫ്ഫാറത്തില്ല. (ഇആ നത്ത്: 2/ 270)

കഫ്ഫാറത്ത് നൽകുമ്പോൾ നിയ്യത്ത് വേണോ?

അതേ , നിയ്യത്ത് നിർബന്ധമാണ്.( ഇആനത്ത്: 2/ 270)

രണ്ടു മാസം തുടരെ നോമ്പനുഷ്ഠിച്ചു കൊണ്ടിരിക്കെ രോഗം കാരണമോ മറ്റോ ഇടക്ക് നോമ്പ് നഷ്ടപ്പെട്ടാലോ?

തുടർച്ച നഷ്ടപ്പെട്ടതിനാൽ വീണ്ടും രണ്ടു മാസം തുടരെ നോമ്പനുഷ്ഠിക്കണം (ഇആനത്ത്: 2/ 271

അറുപതു മിസ്കീൻ മാർക്ക് ഓരോ മുദ് നൽകണമെന്നു പറഞ്ഞല്ലോ. അതു വേവിച്ച ഭക്ഷണം മതിയാകുമോ?

മതിയാവില്ല. വേവിക്കാത്തതു (നമ്മുടെ നാട്ടിൽ അരി) നൽകണം (ഇആനത്ത്: 2/ 271)

സംയോഗം കൊണ്ട് റമളാൻ നോമ്പ് ഫസാദാക്കിയ അതേ വിധിയാണ് വ്യഭിചാരം , ശുബ്ഹത്തിൻ്റെ വത്അ് , ലിവാത്വ് എന്നിവ കൊണ്ട് റമളാൻ നോമ്പ് ഫസാദാക്കിയാലും ഉള്ളത് (ഇആനത്ത് , ഫത്ഹുൽ ജവാദ് )



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

No comments:

Post a Comment